മലപ്പുറം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ശിപാർശയ്ക്കെതിരെ സമസ്തക്ക് പിന്നാലെ മുസ്ലിം ലീഗിലും പ്രതിഷേധം. സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയത്തിൽ മാറ്റം വരുത്തിയത് അംഗീകരിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുസർക്കാരിന്റെയും അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. സർക്കാരിന്റെ താൽപര്യം ചർച്ചകൾ ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആയിരക്കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തിൽ സമസ്തക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചിക്കാതെ പരിഷ്കരണത്തിന് തിടുക്കപ്പെട്ടാൽ അത് ദോഷകരമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.