ദില്ലി: ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്രം. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ മൂൺലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഞ്ചനയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂൺലൈറ്റിംഗിനെ അനുകൂലിച്ച് രംഗത്തെത്തി. പ്രമുഖ ഐടി സ്ഥാപനങ്ങളായ ഇൻഫോസിസും വിപ്രോയും ഒരു സമയത്ത് ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കുമ്പോൾ മറ്റ് കമ്പനികളിൽ ജോലി ചെയ്യരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിപ്രോയിൽ മുഴുവൻ സമയ ജീവനക്കാരനായിരിക്കെ മറ്റ് ഏഴ് കമ്പനികളിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് 300 ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടിരുന്നു.