കോഴിക്കോട്: വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പുതിയ ആംബുലൻസ് എത്തി. എം കെ രാഘവൻ എം പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ആംബുലൻസിനുള്ള തുക അനുവദിച്ചത്. 2021 ജൂണിൽ എംകെ രാഘവൻ എംപി 30 ലക്ഷം രൂപയുടെ ബജറ്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം ആംബുലൻസ് വൈകി. കഴിഞ്ഞ മാസം ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ രോഗി ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ ചികിത്സ വൈകി മരിച്ചിരുന്നു.
ബീച്ച് ആശുപത്രിയിലെ ആംബുലൻസിന്റെ കാലപ്പഴക്കം ആയിരുന്നു പ്രശ്നത്തിന് കാരണം. ആംബുലൻസിന് 20 വർഷം പഴക്കമുണ്ടായിരുന്നു. ഇതേതുടർന്ന് അനുവദിക്കപ്പെട്ട ആംബുലൻസ് എത്താത്തത് വീണ്ടും ചർച്ചയായിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും അന്നത്തെ കളക്ടറും മനപ്പൂർവ്വം നടപടികൾ വൈകിപ്പിക്കുകയാണെന്ന് എം.പി ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് ഫയലുകൾ വേഗത്തിലാക്കുകയും ആംബുലൻസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ഉത്തരേന്ത്യയിൽ നിന്നുള്ള ഐസിയു ആംബുലൻസാണ് ആധുനിക സൗകര്യങ്ങളോടെ ബീച്ച് ആശുപത്രിയിലെത്തിയത്. രാവിലെ ബീച്ച് ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം.പി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസ് ഷെഡ്ഡിനുള്ള പണവും അനുവദിച്ചു.