കൊച്ചി: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു. നഷ്ടം ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ആണോ നികത്തുകയെന്നും ഹൈക്കോടതി ചോദിച്ചു.
അഡ്മിനിസ്ട്രേഷനിൽ ഭയമില്ലാത്തതിനാലാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നതെന്നും തൊട്ട് കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലേറുണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ ജനങ്ങൾക്ക് ഭയമില്ലാത്ത സമയത്താണ് ഇത്തരം അക്രമസംഭവങ്ങൾ നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ മാത്രമാണെന്നും ഹർത്താൽ അക്രമത്തിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം നികത്താൻ നടപടി സ്വീകരിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.