ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ടാണ് നിയമനത്തിന് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ചോദിച്ചു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.