കൊല്ലം: വീടിന്റെ മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനിയായ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ, ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അസുഖബാധിതനായ അജികുമാറിന്‍റെ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത് തെറ്റാണ്. വായ്പയെടുത്ത അജികുമാറിനായിരുന്നു നോട്ടിസ് കൈമാറേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ജപ്തി നോട്ടീസിലെ ഉള്ളടക്കം അറിയിക്കാതെ അജികുമാറിന്‍റെ പിതാവിന്‍റെ ഒപ്പിട്ടുവാങ്ങിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. വായ്പക്കാരൻ സംഭവസ്ഥലത്ത് തന്നെയുണ്ടെങ്കിൽ അയാൾക്ക് നോട്ടീസ് കൈമാറുകയും അയാളെകൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമിയെ (20) ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാൻ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്.