കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂരിൽ വ്യാപക ആക്രമണം. പാപ്പിനിശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന നാലുപേർ രക്ഷപ്പെട്ടു.
ഹർത്താൽ ദിനത്തിൽ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. പെട്രോൾ ബോംബ് സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അക്രമി രക്ഷപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായിട്ടുണ്ട്. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.