കൊച്ചി: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സി.പി.എം തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് പോലീസ് നൽകിയെന്ന് കെ സുധാകരൻ ആരോപിച്ചു. പിന്നീട് പ്രവർത്തകനെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും സമാനമായ രീതിയിൽ ചോക്ലേറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം 11.30 നാണ് ജിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 436 വകുപ്പ് എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ വാങ്ങിയത് എവിടെ നിന്ന് ആണ് എന്ന് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.