തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർദേശ പ്രകാരമാണ് എ.കെ.ജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയതെന്ന് ജിതിന്റെ അമ്മ ജിജി. ജിതിനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ജിതിൻ. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ജിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂൺ 30ന് രാത്രി 11.25ന് എ.കെ.ജി സെന്ററിന്റെ മതിലിൽ നേരെ പടക്കം എറിഞ്ഞ ശേഷം ജിതിൻ ചുവപ്പ് നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. വസ്ത്രങ്ങൾ വിറ്റ കടയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടി-ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിൻ ആണെന്ന് തെളിഞ്ഞു. ഇതേതുടർന്ന് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മൺവിളയിലെ വീട്ടിൽ നിന്ന് ജിതിനെ കസ്റ്റഡിയിലെടുത്തത്.