മോസ്കോ: യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരൻമാർക്ക് സൈനിക സേവനം നിർബന്ധമാകും. ടെലിവിഷനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.
“പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. യുക്രെയ്നിൽ സമാധാനം പുലരണമെന്ന് ഇവർ ആഗ്രഹിക്കുന്നില്ല. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി റിസർവ് സൈന്യത്തെ സജ്ജമാക്കണമെന്ന ജനറൽ സ്റ്റാഫിന്റെ തീരുമാനത്തോട് യോജിക്കുകയാണ്.” പുടിൻ ടെലിവിഷൻ അഭിസംബോധനയിൽ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണിയുമായി വരികയാണെന്നും എന്നാൽ അതിനു മറുപടി നൽകാനുള്ള ആയുധങ്ങൾ റഷ്യയിൽ നിരവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നിലെ റഷ്യൻ നിയന്ത്രിതമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നിൽക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തിൽ പിടിച്ചെടുത്തതുമായ കിഴക്കൻ, തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നതിനൊപ്പമാണ് പുതിയ നീക്കം. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെ നടത്തുമെന്ന് ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്.