തൃശ്ശൂര്‍ : സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ബസുകളിലാണ് പരിശോധന നടത്തിയത്. ടിക്കറ്റ് നൽകാത്തതിന് 55 ബസുകൾക്കെതിരെയും, എയർ ഹോൺ ഉപയോഗിച്ച 60 ബസുകൾക്കെതിരെയും, മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച 40 ബസുകൾക്കെതിരെയും കേസെടുത്തു. 104 ബസുകളിൽ നിന്ന് 1.22 ലക്ഷം രൂപ പിഴ ഈടാക്കി.
ഇതില്‍ പലർക്കും എതിരെ ഒന്നും രണ്ടും നിയമലംഘനങ്ങൾക്ക് കേസുകളുണ്ട്. ശക്തൻ സ്റ്റാൻഡ്, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്, തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാത എന്നിവിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
അമിതശബ്ദത്തിലുള്ള ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പൊതുഗതാഗത വാഹനങ്ങളിൽ മ്യൂസിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ മോട്ടോർ വാഹന വകുപ്പിന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജെയിംസിന്‍റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.