ഇസ്താംബൂൾ: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ മനസ്സിലാക്കിയതായി എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഉക്രൈൻ അടുത്തിടെ റഷ്യ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിച്ചു. യുഎസ് മാധ്യമമായ പിബിഎസിന് നൽകിയ അഭിമുഖത്തിൽ, കാര്യങ്ങൾ റഷ്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന സന്ദേശവും എർദോഗൻ നൽകി. “ഇപ്പോൾ കാര്യങ്ങൾ പോകുന്ന രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന് തോന്നുന്നുണ്ടാകാമെന്നാണ് എനിക്ക് മനസ്സിലായത്,” അദ്ദേഹം പറഞ്ഞു.
റഷ്യയും ഉക്രൈനും പരസ്പരം തടവിലാക്കിയവരിൽ 200 പേരെ ഉടൻ കൈമാറും. പട്ടികയിൽ ആരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. നാറ്റോ അംഗമായ തുർക്കി, യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിൽനിന്ന് മാറി ‘സന്തുലിതമായ’ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉക്രൈനിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാനുള്ള യുഎന്നിന്റെ ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിച്ചത് തുർക്കിയാണ്.