Spread the love

ന്യൂ ഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉത്തരവ് ചോദ്യംചെയ്യാനുള്ള സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ പിരിച്ചുവിടൽ ഉത്തരവിന്മേലുള്ള സ്റ്റേ ഒരാഴ്ചയിലേറെ തുടരണമോ എന്ന ചോദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിരമിക്കുന്നതിന് ഒരു മാസം ബാക്കി നില്‍ക്കെ ഓഗസ്റ്റ് 30നാണ് സതീഷ് വർമയെ പിരിച്ചുവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങളെ വഷളാക്കുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതുള്‍പ്പെടെയുള്ളവയാണ് പിരിച്ചുവിടാനുള്ള കാരണമായി സര്‍ക്കാര്‍ ആരോപിക്കുന്നത്.

By newsten