ചാലക്കുടി: 1975-ൽ 15-ാം വയസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ വേദന ഹൃദയത്തിൽ നിന്ന് നീങ്ങാൻ കോടശ്ശേരി മണലായി സ്വദേശി കുടിയിരിക്കൽ ജോസ് കാത്തിരുന്നത് നാലര പതിറ്റാണ്ടോളം. 2019 ൽ ഗവ. ഗേൾസ് ഹൈസ്കൂളിൽ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസാകുമ്പോൾ അദ്ദേഹത്തിന് പ്രായം 59. ഈ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയായിരുന്നു ആ വിജയം. 4 എപ്ലസും 6 എ ഗ്രേഡും നേടി. എന്നാൽ ഇതിൽ ഒന്നിലും തൃപ്തനാകാതെ ജോസ് 60-ാം വയസ്സിൽ വീണ്ടും പഠനം തുടങ്ങി. ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രിക്കൽ ട്രേഡിൽ പ്രവേശനം നേടി. മക്കളുടെ പ്രായത്തിലുള്ള അധ്യാപകരും പേരക്കുട്ടികളുടെ പ്രായത്തിലുള്ള സഹപാഠികളുമൊത്തുള്ള രണ്ട് വർഷത്തെ പഠനത്തിനൊടുവിൽ ട്രേഡ് ടെസ്റ്റ് പാസാകുമ്പോൾ അദ്ദേഹത്തിന് പ്രായം 62.
വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ പാതിവഴിയിൽ മുടങ്ങിയ പഠനം തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ തുടർന്ന് മറ്റുള്ളവർക്ക് മാതൃകയാവുകയാണ് അദ്ദേഹം. കൃഷിപ്പണിയും ബേക്കറി നടത്തിപ്പുമൊക്കെയായി ജീവിതം ഉന്തിയും തള്ളിയും നീക്കുന്നതിനിടയിൽ മൂത്ത മകൾ ജെസ്മിയെ നഴ്സിങ്ങും ഇളയ മകൾ ജെസ്ലിയെ ബികോമും പഠിപ്പിച്ചു. മൂത്ത മകൾ ഇപ്പോൾ ന്യൂസിലൻഡിൽ നഴ്സാണ്. വയസ്സാംകാലത്ത് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ആരും കളിയാക്കിയില്ലെന്നും നല്ല പിന്തുണ നൽകിയെന്നും ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ എൽസിയും ഈ ഉദ്യമത്തെ പിന്തുണച്ചു. പരിയാരം സെന്റ് ജോർജ് ഹൈസ്കൂളിൽ പഠിച്ചാണ് ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കണക്കും ഹിന്ദിയും ചതിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടു.
സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ ആദ്യ ശ്രമത്തിൽ വിജയിച്ചതോടെ നേടിയ ആത്മവിശ്വാസമാണ് ഐടിഐയിൽ പഠിക്കാൻ പ്രേരിപ്പിച്ചത്. ഇടയ്ക്കെല്ലാം മറ്റ് ചിലരോടൊപ്പം ഇലക്ട്രിക്കൽ ജോലിക്ക് പോയ അനുഭവവും സഹായകമായി. പ്രവേശനം ലഭിച്ചപ്പോൾ 80 ശതമാനം ഹാജർ ഉണ്ടെങ്കിൽ മാത്രമേ ഐ.ടി.ഐ പരീക്ഷ എഴുതാൻ കഴിയൂ എന്ന് അധ്യാപകർ ആദ്യം തന്നെ ഓർമിപ്പിച്ചു. ഒരു ക്ലാസ് പോലും മുടങ്ങാതെ 100 ശതമാനം ഹാജർ നേടുക എന്നതായിരുന്നു ഇതിനുള്ള ജോസിന്റെ മറുപടി.
ഡ്രോയിംഗുകൾ ബുദ്ധിമുട്ടായിരുന്നു, പക്ഷേ വിട്ടില്ല. കഠിനാധ്വാനത്തിലൂടെ ആ വെല്ലുവിളിയെ അതിജീവിച്ചു. കൊവിഡ് കാലത്ത് പല ക്ലാസുകളും ഓൺലൈനായി നടത്തിയിരുന്നു. അധ്യാപകരായ സോമനാഥ്, പി.ആർ.ബിന്ദുമോൾ, എം.എസ്.സജന എന്നിവരെല്ലാം പൂർണ പിന്തുണ നൽകിയതായി ജോസ് പറഞ്ഞു. ക്ലാസ്സിലെ ‘വല്ല്യപ്പനുമായി’ സഹപാഠികൾ പെട്ടെന്ന് ചങ്ങാത്തത്തിലായി. നാല് പേരക്കുട്ടികളുടെ മുത്തച്ഛൻ 62-ാം വയസ്സിൽ ഐ.ടി.ഐ പരീക്ഷ പാസായതിന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായി എത്തിയതും മടങ്ങിയും പതിവു യാത്രാ വാഹനമായ സൈക്കിളിലാണെന്നതും കൗതുകമായി.