Spread the love

ബെംഗളൂരു: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിൽ നടക്കുന്ന പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബാഗേപള്ളിയിൽ നടക്കുന്ന റാലി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്‍റെ തുടക്കമാണ്.

ഊരിപ്പിടിച്ച കഠാരകള്‍ക്കും വടിവാളിനുമിടയിലൂടെ തലയുയർത്തി നടന്ന കഥ പറഞ്ഞു പിണറായി വിജയന്‍ സംഘപരിവാറിനെ വെല്ലുവിളിച്ചിട്ടു കൊല്ലം അഞ്ചുകഴിഞ്ഞു. ഇതിനുശേഷം ആദ്യമായാണു മുഖ്യമന്ത്രി കന്നഡ മണ്ണിലെ പൊതുവേദിയിലെത്തുന്നത്. 1970കളിൽ എ.കെ.ജി നയിച്ച ഭൂസമരങ്ങളാൽ ചുവന്നു തുടുത്ത ബാഗേപ്പള്ളിയിൽ റാലി നടത്തുമ്പോൾ സി.പി.എമ്മിന് നിരവധി ലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ജെഡിഎസിനേക്കാളും ബിജെപിയേക്കാളും വോട്ടുമുണ്ട്.

ബാഗേല്‍പള്ളിയില നിന്ന് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള കാലങ്ങളായുള്ള പ്രചാരണത്തിന്‍റെ തുടക്കമാണ് റാലി. ബിജെപിയെ അവരുടെ മടയില്‍പോയി നേരിടണമെന്നു കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന കേരളത്തിലെ സിപിഎമ്മിന് അതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുള്ളതു കൂടിയാണു പരിപാടി. ബെംഗളൂരു നഗരത്തിലെ ഐടി മേഖലയില്‍ നിന്നുള്ളവരടക്കം പതിനായിരത്തിലധികം പേര്‍ റാലിക്കെത്തുമെന്നു സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി അറിയിച്ചു.

By newsten