തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പ്രദേശത്ത് സംഘർഷത്തിന് സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ ഇന്നലെ തന്നെ നടപടിക്ക് ഉത്തരവിട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന ജനബോധന യാത്രയും അതിനെതിരെ നാട്ടുകാർ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അറിയിപ്പില്‍ പറയുന്നു.
അതേസമയം വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിക്കും. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ്
സർക്കുലറിലെ ആഹ്വാനം. ഉന്നയിച്ച ആവശ്യങ്ങളിലൊന്നും സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണമെന്നും സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം സമരത്തിൽ ഇത് തുടർച്ചയായ നാലാം ഞായറാഴ്ചയാണ്
ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.