കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി ബോട്വിനോവ് പറഞ്ഞു.
കുഴികളിലൊന്നിൽ 17 യുക്രൈൻ സൈനികരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു. നൂറുകണക്കിന് ഒറ്റപ്പെട്ട ശവകുടീരങ്ങൾ പരിസരത്തുണ്ട്. അവയുടെ മുകളിൽ മരക്കുരിശുകൾ നാട്ടിയിരുന്നു.
ജനവാസ മേഖലകളിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെ വനത്തിൽ അടക്കം ചെയ്തതായി പ്രദേശവാസിയായ സെർജി ഗൊരോഡ്കോ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. പ്രതിനിധികളെ ഇസിയം നഗരത്തിലേക്ക് അയക്കുമെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.