തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. പൂഴിക്കുന്ന് ബി.പി നിവാസിൽ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്. സെപ്റ്റംബർ 11ന് നടന്ന അപകടത്തിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അനുമതിയില്ലാതെയാണ് കമാനം സ്ഥാപിച്ചതെന്നും കുടുംബം പരാതിപ്പെട്ടു.
സെപ്റ്റംബർ 11ന് ഓലത്താന്നി ജംഗ്ഷനിലായിരുന്നു അപകടം. പൂവാർ-നെയ്യാറ്റിൻകര റോഡിൽ ലേഖയും മകൾ അനുഷയും സ്കൂട്ടറിൽ വരികയായിരുന്നു അപകടം. ഓണാഘോഷത്തോടനുബന്ധിച്ച് നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്ഥാപിച്ച കമാനമാണ് അപകടത്തിന് കാരണമായത്.
കുറച്ച് ആളുകൾ കമാനത്തിന്റെ കെട്ടഴിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനങ്ങൾ ഓടുന്ന റോഡിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു കമാനം മാറ്റാനുള്ള നീക്കം. കമാനം മറിഞ്ഞപ്പോൾ സ്കൂട്ടറിൽ അതുവഴി വന്ന ലേഖയും മകളും അടിയിൽ പെട്ട് തെറിച്ചുവീഴുകയായിരുന്നു.