Spread the love

കൊച്ചി: ഡോ. സുബ്രഹ്മണ്യ അയ്യർ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോൾ അമരേഷ് തന്‍റെ ചെരിപ്പുകൾ ഊരി കുനിഞ്ഞ് ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും സ്പർശിച്ചു. സുജാത ഒരു തേങ്ങലോടെ ആ കൈകൾ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. ജനുവരി നാലിന് വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സുജാതയുടെ ഭർത്താവ് വിനോദിന്‍റെ കൈകളായിരുന്നു അത്.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് അമരേഷിന് വിനോദിന്‍റെ കൈകൾ ലഭിച്ചത്. അവയവ ദാതാക്കളുടെ കുടുംബാംഗങ്ങൾക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ കാണാൻ ഒരുക്കിയ ചടങ്ങിലാണ് സുജാതയും മകളും ചെറുമകനും അമരേഷിനെ കണ്ടത്. ഇറാഖി പൗരനായ യൂസഫ് ഹസനും ഇത്തരത്തില്‍ കൈകള്‍ മാറ്റിവെച്ചിരുന്നു. യൂസഫിന് കൈനൽകിയ ആലപ്പുഴ സ്വദേശിനി അമ്പിളിയുടെ മകനും ഭര്‍തൃമാതാവും ചടങ്ങിൽ സന്നിഹിതരായിരുന്നു. അവയവദാനത്തിന്റെ മഹത്തായ സന്ദേശം വിളിച്ചോതി വിനോദും, അമ്പിളിയും അമരേഷിലൂടെയും യൂസഫിലൂടെയും ഇനിയും ജീവിക്കും.

By newsten