ഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നും തീവ്രവാദത്തെ തടയുമെന്നും യൂട്യൂബ് പറഞ്ഞു. ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നവർക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും അവ നീക്കം ചെയ്യുമെന്നും കമ്പനി അറിയിച്ചു. യൂട്യൂബ് ഇതിനകം തന്നെ അത്തരം ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും, യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ ഉൾപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇപ്പോഴും ഉണ്ട്.
ടെക് ട്രാൻസ്പരൻസി പ്രൊജക്ടിന്‍റെ റിപ്പോർട്ട് പ്രകാരം 435 അക്രമ അനുകൂല വിഡിയോകൾ യൂട്യൂബിലുണ്ട്. ഇതിൽ 85 എണ്ണവും ക്യാപിറ്റോൾ ആക്രമണത്തിന് ശേഷമാണ് പോസ്റ്റുചെയ്തത്. അക്രമത്തിന് പരിശീലനം നൽകുന്നതിന്‍റെ വിഡിയോകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.