കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ദുഷ്ടശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ ഒറ്റയ്ക്കാവില്ല. കേരള സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
എൽ.ഡി.എഫ് ഭരണത്തിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന എല്ലാ അനധികൃത നിയമനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാവണം. ഇക്കാലയളവിൽ കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സി.പി.എമ്മിന് വേണ്ടി നിരവധി ക്രമക്കേടുകൾ നടത്തി. സി.പി.എം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വി.സിമാരുടെ പിന്തുണയുണ്ടായിരുന്നു.
സി.പി.എം നടത്തിയ വഴിവിട്ട നിയമനങ്ങളുടെ കുട പിടിക്കുന്ന വി.സിമാരെ വീണ്ടും നിയമിക്കുകയും ഭരണസംവിധാനങ്ങളെയെല്ലാം പരിഹാസ്യരാക്കുകയും ചെയ്തു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ ഗവർണറെപ്പോലും ചോദ്യം ചെയ്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം പോലും വി.സിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു. അധികാരത്തിന്റെ തണലിൽ സി.പി.എം നടത്തുന്ന ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ് സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.