പാലക്കാട് : സൗന്ദര്യ വർധക വസ്തുക്കൾ ഗുണമേന്മ നോക്കി വാങ്ങിക്കേണ്ട ഒന്നാണ്. എന്നാൽ ഇവയൊക്കെ നല്ല വില വരുന്ന വസ്തുക്കളും ആണ്. ഇവ വീട്ടിൽ ഉണ്ടാക്കി വിജയിച്ച ഒരാളാണ് അൻസിയ. വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ നടത്തിയ ഒരു പരീക്ഷണം അൻസിയയുടെ തലവര മാറ്റി. പാലക്കാട്ടുകാരിയായ അൻസിയ ചെറുപ്പത്തിൽ മാതാവിൽ നിന്ന് പഠിച്ചെടുത്ത കൂട്ടുകൾ ഉപയോഗിച്ച് കൺമഷിയും ലിപ്ബാമും അടക്കം നാൽപ്പത്തിയഞ്ചിൽ കൂടുതൽ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നുണ്ട്. ഇപ്പോൾ 3 ലക്ഷത്തിലധികം മാസ വരുമാനം നേടുന്ന സംരംഭക കൂടിയാണ് അൻസിയ. ചര്‍മത്തിന് ഹാനികരമായ രാസവസ്തുക്കൾ ഇല്ലാതെ ആയുര്‍വേദ കൂട്ടുകൾക്കായി പ്രത്യേക ഫോര്‍മുല വികസിപ്പിച്ച് നാടൻ രീതിയിലാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കുന്നത്. ഉമ്മീസ് നാച്ചുറൽസ് എന്ന ബ്രാൻഡിലാണ് ഇതെല്ലാം വിൽക്കുന്നത്. മറ്റ് നിര്‍മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഉത്പാദനത്തിൻെറ ഓരോ ഘട്ടങ്ങളും വീഡിയോകളിലൂടെ ഇവർ പങ്ക് വയ്ക്കുന്നുണ്ട്. ഒരു മാസം 2,000 ഓര്‍ഡറുകൾ എങ്കിലും ഈ യുവസംരംഭകയ്ക്ക് ലഭിക്കുന്നുണ്ട്.