Spread the love

ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതൽ സ്ഥലങ്ങളിൽ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം 22ന് പണി ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു.

ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിന്റെ വശത്ത് കണ്ടെത്തിയ ചോർച്ച കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചിരുന്നു. ഈ വശത്തുള്ള നാലു സ്വര്‍ണപ്പാളികള്‍ ഇളക്കി എം. സീലും സിലിക്കന്‍പശയും ഉപയോഗിച്ചാണ് വിടവ് അടച്ചത്. സ്വര്‍ണപ്പാളികള്‍ക്ക് താഴെയുള്ള ചെമ്പ് പാളികള്‍ക്കോ തടിക്കോ കേടുപാടില്ല. ശ്രീകോവിലിനുള്ളിൽ ചോർച്ചയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം, തടിയിലാകെ നനവുണ്ടായിട്ടുണ്ട്. വാസ്തുവിദഗ്ധനും ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ എം.കെ. രാജു, കൊടിമരം പണിത ശില്പി അനന്തന്‍ ആചാരി, ഭരണങ്ങാനം വിശ്വകര്‍മ കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ ശില്പികള്‍ തുടങ്ങിയവരാണ് ചോര്‍ച്ച പരിഹരിച്ചത്.

By newsten