തിരുവനന്തപുരം: ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും, താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. നിയമവകുപ്പിനോട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് ഉപദേശം തേടി. നിയമഭേദഗതിക്ക് തടസമില്ലെന്നാണ് നിയമവകുപ്പിന്റെ മറുപടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനാണ് നീക്കം.
ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരുള്ള മൂന്നംഗ കമ്മിറ്റിയാണ് വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണറാണ് പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കുക. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ഓർഡിനൻസ്.
ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിനു താൽപര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇപ്പോൾ മൂന്നംഗ കമ്മിറ്റിക്കു മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താൽപര്യമുള്ള ആളെ വിസിയായി നിയമിക്കാൻ കഴിയും. സർക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലുള്ള രണ്ടുപേർ സമാന പാനൽ തന്നെ ശുപാർശ ചെയ്താൽ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. ഗവർണർ ആ പാനലായിരിക്കും പരിഗണനയ്ക്ക് ലഭിക്കുക. കമ്മിറ്റിയിൽ ഗവർണരുടെ പ്രതിനിധിയെ ഗവർണർ സർക്കാരിന്റെ ശുപാർശപ്രകാരം നിയമിക്കാനും ആലോചനയുണ്ട്.