പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന നിഗമനം സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായി കണ്ടെത്തിയത്. മേഘങ്ങൾ കൂടുതൽ വളരുകയും അതുവഴി മഴ രൂപപ്പെടുന്ന പ്രക്രിയ വർദ്ധിക്കുകയും മഴവെള്ളത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു.
ഉയരത്തിൽ വളരുന്ന ഉയർന്ന സംക്രമണ ശേഷിയുളള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം കേരളത്തിനോട് ചേർന്നുള്ള കടൽത്തീരത്ത് കൂടുതൽ ദൃശ്യമാണ്. പഠനമനുസരിച്ച്, മേഘവിസ്ഫോടനത്തിന് കാരണമാകുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പടിഞ്ഞാറൻ തീരത്ത് സംഭവിക്കുന്നു. മഴയുടെ അളവിലെ വർദ്ധനവും അന്തരീക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന അസ്ഥിരമായ സ്വഭാവവും പുതിയ കാലാവസ്ഥയുടെ സൂചകങ്ങളാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് കൂമ്പാരമേഘങ്ങളുടെ രൂപീകരണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഈ കട്ടിയുള്ള മേഘങ്ങൾ പലപ്പോഴും കടലിലാണ് പെയ്യുന്നത്. അതിനാൽ, ഇവ കരയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കരയിലേക്ക് പ്രവേശിക്കുന്നത്. നേരത്തെ കൊങ്കൺ തീരത്താണ് ഇത്തരം മഴ പെയ്തിരുന്നത്. എന്നാൽ ഇപ്പോൾ തെക്കോട്ട് മാറി കേരളത്തിലേക്ക് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന അറബിക്കടൽ മറ്റ് സമുദ്രമേഖലകളെ അപേക്ഷിച്ച് വേഗത്തിൽ ചൂട് പിടിക്കുകയാണ്. ഈ പ്രദേശത്ത് ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണം ഇതാണ്.