തിരുവനന്തപുരം: എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലാവ് ക്യാമ്പയിനിലൂടെ ഇത് സാധ്യമായില്ലെങ്കിൽ, സ്വന്തമായി ഫിലമെന്റ്രഹിത സ്വയംഭരണ സ്ഥാപനമായി മാറണമെന്നാണ് നിർദേശം.
പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനകം പ്രവർത്തനം ആരംഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫിലമെന്റ് രഹിത കാമ്പയിന്റെ ഭാഗമാകാൻ പ്രത്യേക നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങളുടെ യോഗം വിളിക്കണം. കെ.എസ്.ഇ.ബി.യിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കണം. നിലവിലുള്ള പരാതികളും ആശങ്കകളും ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ, കിഫ്ബി സി.ഇ.ഒ എന്നിവർ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
നിലാവ് പദ്ധതിയുടെ കീഴിലുള്ള എൽഇഡി ലൈറ്റുകൾക്ക് ഏഴ് വർഷത്തെ വാറന്റിയുണ്ട്. അവ ഉപയോഗശൂന്യമായാൽ 48 മണിക്കൂറിനുള്ളിൽ അവ മാറ്റിസ്ഥാപിക്കണം. ഇത്തരം പരാതികൾ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ ഇടപെടാൻ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉപയോഗശൂന്യമായ ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നിർദ്ദേശം.