കോഴിക്കോട്: എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
എസ്.എം.എ ബാധിതയായതിനെ തുടർന്ന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാൽ വീൽചെയറിലായിരുന്നു അഫ്രയുടെ ജീവിതം.
മകൾ ആശുപത്രിയിൽ ആയതിനാൽ വിദേശത്ത് ജോലിക്ക് പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
സഹോദരൻ മുഹമ്മദിനും ഇതേ രോഗം ബാധിച്ചപ്പോൾ, ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്നു നടത്തിയ അഭ്യര്‍ത്ഥന വലിയ വാർത്തയായിരുന്നു. 18 കോടി രൂപയുടെ മരുന്നുകൾ ഇറക്കുമതി ചെയ്യാനാണ് കുഞ്ഞനിയന് വേണ്ടി അഫ്ര സഹായം അഭ്യർത്ഥിച്ചത്.