കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 93.70 മീറ്ററാണ് ഡാമിലെ ഇന്നത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 97.50 മീറ്ററാണ്.
വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.