ചൈനയുടെ ലോങ് മാർച്ച് 5ബിവൈ 3 റോക്കറ്റിന്റെ അവശിഷ്ട്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ആകാശത്ത് പ്രകാശവർണം തീർത്ത ശേഷമാണ് റോക്കറ്റിന്റെ പതനം നടന്നത്. ജൂലൈ 24ന് വിക്ഷേപിച്ച റോക്കറ്റ് ശനിയാഴ്ചയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്.
മലേഷ്യയിലെ കുച്ചിംഗ് നഗരത്തിന് മുകളിൽ ചൈനീസ് റോക്കറ്റ് ആകാശത്ത് പ്രകാശിക്കുന്നതിന്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് പകർത്തിയത്. റോക്കറ്റ് അന്തരീക്ഷത്തിൽ കത്തുന്നതിനുമുമ്പ് ആകാശത്ത് പറക്കുന്നത് കാണാം. ഭ്രമണപഥത്തിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ഒരു ലബോറട്ടറി മൊഡ്യൂൾ എത്തിക്കുന്നതിനാണ് ലോംഗ് മാർച്ച് 5ബിവൈ വിക്ഷേപിച്ചത്. 2020ന് ശേഷം ചൈനയുടെ ഏറ്റവും ശക്തമായ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണമാണിത്. ലോങ്ബിക്ക് 21 ടൺ ഭാരമുണ്ട്.
സമീപ വർഷങ്ങളിലും ചൈനീസ് ബഹിരാകാശ വിക്ഷേപണങ്ങൾ ലോകത്തിന് ഭീഷണിയായിട്ടുണ്ട്. 2018 ഏപ്രിൽ 2 ന് ചൈനയുടെ ടിയാൻഗോങ്-1 ബഹിരാകാശ നിലയം അനിയന്ത്രിതമായി മടങ്ങിയെത്തുകയും കടലിൽ വീഴുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. മെയ് മാസത്തിൽ മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിന് സമീപം തകർന്നു വീണിരുന്നു.