മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. സംഘം വന്ന കാർ ഓടിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ഫാസിലിനെ കൊലപ്പെടുത്തിയത്. ബെള്ളാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയായിരുന്നു സംഭവം.