മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റാവത്തിനെ രണ്ട് തവണ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ വിസമ്മതിച്ചു.
ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഇഡി സംഘം റാവത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സിആർപിഎഫ് സംഘത്തോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ റാവത്തിന്റെ വീട്ടിലെത്തിയത്.
ഗൊരെഗാവിലെ പത്രചാള് ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസാണ് റാവത്ത് നേരിടുന്നത്. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് റാവത്ത് ആരോപിച്ചു. ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരിൽ താൻ ശപഥം ചെയ്യുന്നുവെന്ന് ഞായറാഴ്ചയും അദ്ദേഹം ആവർത്തിച്ചു. പോരാടാനാണ് താക്കറെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.