ഓസ്കര് പുരസ്കാരദാനത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പുപറഞ്ഞ് വിൽ സ്മിത്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് താരം ക്ഷമാപണം നടത്തിയത്. “ഞാൻ നിരവധി തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറായില്ല. എന്നോട് സംസാരിക്കാൻ തയ്യാറായിക്കഴിഞ്ഞാൽ, ഞാൻ പറയും, ക്രിസ്, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്രിസിന്റെ അമ്മയുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. ആ ദിവസം ഞാൻ ആ പ്രവൃത്തി ചെയ്തപ്പോൾ എനിക്ക് ഒന്നിനെക്കുറിച്ചും അറിയില്ലായിരുന്നു, പക്ഷേ ആ ഒരു നിമിഷം ധാരാളം ആളുകളെ വേദനിപ്പിച്ചു. സംഭവത്തിൽ വിൽ സ്മിത്ത് നേരത്തെ ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തിയിരുന്നു. ഓസ്കാർ അക്കാദമിയോടും സഹപ്രവർത്തകരോടും ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. താൻ ചെയ്തത് തെറ്റാണെന്നും താൻ അതിരുകടന്നുപോയെന്നും എല്ലാത്തരം അക്രമങ്ങളും വിനാശകരമാണെന്നും സ്മിത്ത് പ്രതികരിച്ചു. “തമാശകൾ ജോലിയുടെ ഭാഗമാണ്. പക്ഷേ, ജെയ്ഡയുടെ ആരോഗ്യത്തെക്കുറിച്ചുള്ള തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് ഞാൻ ഇത്രയും വികാരാധീനനായത്,” സ്മിത്ത് പറഞ്ഞു.