Spread the love

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി. സ്മൃതി ഇറാനിയുടെ മകൾക്ക് ഗോവയിലെ റെസ്റ്റോറന്‍റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നേതാ ഡിസൂസ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്. കോണ്‍ഗ്രസ് നേതാക്കളോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിന് മറുപടിയായാണ് കോടതിയുടെ ഉത്തരവ്. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാക്കൾ ഈ സമയത്ത് കോടതിയിൽ വരണം. പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. സ്മൃതി ഇറാനി നൽകിയ കേസ് പ്രഥമദൃഷ്ട്യാ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെയാണെന്ന് ജസ്റ്റിസ് മിനി പുഷ്കർണ പറഞ്ഞു. വസ്തുതകൾ പരിശോധിക്കാതെയാണ് സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചു.

By newsten