വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബാപ്പുവിന്‍റെയും സർദാർ പട്ടേലിന്‍റെയും നാട്ടിലെ മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണ്. ശതകോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടർച്ചയായി കണ്ടെത്തുന്നുണ്ട്. ഏത് ഭരണശക്തികളാണ് മയക്കുമരുന്ന് മാഫിയകൾക്ക് സംരക്ഷണം നൽകുന്നത്? ലഹരിമരുന്ന് ഉപയോഗം മൂലം ഗുജറാത്തിൽ മരണനിരക്ക് ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് 42 പേർ മരിച്ച സംഭവത്തിൽ ബോട്ടാഡിലെയും അഹമ്മദാബാദിലെയും രണ്ട് പോലീസ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റുകയും ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ബോട്ടാഡ് എസ് പി കരൺരാജ് വഗേല, അഹമ്മദാബാദ് എസ് പി വീരേന്ദ്രസിംഗ് യാദവ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. രണ്ട് ഡെപ്യൂട്ടി എസ്പിമാർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ അറിയിച്ചു.
പ്രദേശത്തെ വിഷമദ്യത്തിന്‍റെ വിൽപ്പനയും ഉപഭോഗവും തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനാലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ കത്തിൽ പറയുന്നു. ബോട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ വ്യാജമദ്യം വിൽക്കുന്നതായി പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടാഡ്, അഹമ്മദാബാദ് ജില്ലകളിലായി 42 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. നിലവിൽ 97 പേരാണ് ചികിത്സയിലുള്ളത്.