ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വലിയതുറ എസ്.എച്ച്.ഒയാണ് നോട്ടീസ് നൽകിയത്. ജാമ്യ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് വിവാദമായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തപ്പോൾ ഇപിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാൻ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കോടതിയിലോ കസ്റ്റഡിയിലോ പ്രതികൾ ഇ.പിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി.