കോഴിക്കോട്: കെട്ടിട നമ്പറിലെ ക്രമക്കേട് വലിയ തോതിൽ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് രംഗത്ത്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോർപ്പറേഷനിൽ കേന്ദ്രീകരിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് ബീന ഫിലിപ്പ് പറഞ്ഞു.
എല്ലാ ദിവസവും നല്ല തിരക്കായിരുന്നു. എന്നാൽ യഥാർത്ഥ ആവശ്യത്തിനായി വരുന്നവർ വളരെ കുറവാണ്. ബാക്കിയുള്ളവരെല്ലാം ഏജൻസികളും ഇടനിലക്കാരുമാണ്. ഇത്തരക്കാരെ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്താവശ്യത്തിന് വരുന്നുവെന്ന് ഫോണ്‍ നമ്പര്‍ സഹിതം ബോധ്യപ്പെടുത്താന്‍ രജിസ്റ്റര്‍ വെച്ചിട്ടുണ്ടെന്നും അത് എഴുതുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മേയർ പറഞ്ഞു.
ആവിക്കൽ സമരത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ചർച്ചകൾക്കായി വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ അവർ വരുന്നില്ലെന്നും മേയർ പറഞ്ഞു.