കോട്ടയം: ലോട്ടറിയടിച്ചാൽ ഇനി സർക്കാരിന്റെ ക്ളാസിലിരിക്കണം. സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന് വിജയികളെ ഇനി ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായാണ് ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുക്കേണ്ടത്. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന് വിദഗ്ധർ പഠിപ്പിക്കും.
എല്ലാ ലോട്ടറി വിജയികളെയും മണി മാനേജ്മെന്റ് പഠിപ്പിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഈ വർഷത്തെ ഓണം ബമ്പറിലെ വിജയികൾക്ക് ഫസ്റ്റ് ക്ലാസ് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. വിവിധ നിക്ഷേപ പദ്ധതികൾ, നികുതി ഘടന മുതലായവയെക്കുറിച്ച് അവരെ പഠിപ്പിക്കും. ഒരു മാസത്തിനകം പാഠ്യപദ്ധതി തയ്യാറാകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലാണ് ക്ലാസ് നടക്കുക. ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തുകയാണ് ലക്ഷ്യം. ലഘുലേഖകളും വിതരണം ചെയ്യും.
ലോട്ടറി ജേതാക്കളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. വലിയ സമ്മാനത്തുക ലഭിച്ചിട്ടും അനാവശ്യമായി ചെലവഴിക്കുന്നത് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് ഒരു ധാരണയില്ലെന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.