ന്യൂ ഡൽഹി: പാർത്ഥ ചാറ്റർജിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ കൂടുതൽ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണത്തിൽ. എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിലെ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റുളളവര്‍ക്കായി ഇ ഡി വല വിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മൊളോയ് ഘട്ടക്, തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടാൽ, വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി, തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മനീഷ് ജെയിൻ എന്നിവരാണ് ഇ ഡിയുടെ നിരീക്ഷണത്തിലുള്ളത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരേഷ് അധികാരിയെയും മാണിക് ഭട്ടാചാര്യയെയും ഇ ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
പാർഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി അർപ്പിത മുഖർജിയെയും ജൂലൈ 23നാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ടോളിഗുഞ്ചിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 21 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ബെൽഖരിയയിലെ അർപ്പിതയുടെ രണ്ട് ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇഡി 10 പെട്ടി നിറയെ പണം കണ്ടെത്തിയത്. റെയ്ഡ് 18 മണിക്കൂർ നീണ്ടുനിന്നു. അഞ്ച് കിലോ സ്വർണവും 20 കോടി രൂപയും റെയ്ഡിൽ പിടിച്ചെടുത്തു. മൂന്ന് നോട്ടുകൾ എണ്ണുന്ന യന്ത്രങ്ങളാണ് ഇ.ഡി പണം എണ്ണാൻ ഉപയോഗിച്ചത്.