Spread the love

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.

അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം. ചൗധരിയുടെ പരാമർശം സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. അതേസമയം, രാഷ്ട്രപതിയെ നേരിൽ കാണാൻ അധീർ രഞ്ജൻ ചൗധരി സമയം തേടി. ഖേദം നേരിട്ട് പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് ചൗധരി പറഞ്ഞു. അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഇതിൽ അമർഷമുണ്ട്. രാഷ്ട്രപതിയെ നേരിൽ കണ്ട് ഖേദം അറിയിക്കാൻ അധീർ രഞ്ജൻ ചൗധരിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്‍റിനെ ‘രാഷ്ട്രപത്നി’ എന്ന് വിശേഷിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് പൊതുവിലയിരുത്തൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. സോണിയാ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് സ്മൃതി ലോക്സഭയിൽ പറഞ്ഞു.

By newsten