കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാർത്ഥയെ ഇന്ന് മുതൽ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്ന് പാർത്ഥയെ മാറ്റിയേക്കും. ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാം. ചാറ്റർജിയെ ഉടൻ മന്ത്രിസഭയിൽ നിന്നും എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടു. പാർത്ഥയ്ക്കൊപ്പം അറസ്റ്റിലായ നടി അർപിത മുഖർജിയുടെ രണ്ട് ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപയും അഞ്ച് കിലോ സ്വർണവും വിദേശ കറൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തിരുന്നു. നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർത്ഥയുടേതാണെന്ന് അർപിത ഇഡിക്ക് മൊഴി നൽകിയിരുന്നു.