Spread the love

കൊൽക്കത്ത: സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപിത മുഖർജിയുടെ മറ്റൊരു അപ്പാർട്ട്മെന്‍റിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 20 കോടി രൂപ കൂടി പിടിച്ചെടുത്തു. രണ്ട് കോടിയിലധികം രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച 15 സ്ഥലങ്ങളിൽ കൂടി ഇഡി പരിശോധന നടത്തി.

ബെൽഗാരിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ നിന്നാണ് പണം കണ്ടെടുത്തത്. നിർണായകമായ ചില രേഖകൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ അർപിതയുടെ തെക്കൻ കൊൽക്കത്തയിലെ ആഡംബര ഫ്ളാറ്റിൽ നിന്ന് 21 കോടി രൂപയും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.

പാർഥ ചാറ്റർജി, അർപിത മുഖർജി എന്നിവരെ ശനിയാഴ്ചയാണ് ഇഡി അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് മൂന്ന് വരെയാണ് ഇരുവരെയും ഇഡി കസ്റ്റഡിയിൽ വിട്ടത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അർപിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

By newsten