തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2021ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കും ചെറുകഥയ്ക്കുള്ള പുരസ്കാരം ദേവദാസ് വി.എമ്മിനും ലഭിച്ചു. വൈശാഖൻ, പ്രൊഫ.കെ.പി.ശങ്കരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലാണ് ആർ. രാജശ്രീക്ക് പുരസ്കാരം ലഭിച്ചത്. ‘പുറ്റ്’ എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്കാരം ലഭിച്ചത്. ‘മെഹബൂബ് എക്സ്പ്രസ്’ എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്കാരത്തിന് അര്‍ഹരായി.
നാടകം- പ്രദീപ് മണ്ടൂര്‍, സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്, യാത്രാവിവരണം- വേണു, വിവര്‍ത്തനം- കായേന്, ബാലസാഹിത്യം- രഘുനാഥ് പാലേരി, ഹാസ സാഹിത്യം- ആന്‍ പാലി എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.