Spread the love

ഈജിപ്ത് : വിദ്യാർത്ഥിനി നയ്റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ കോടതി. നാടിനെ നടുക്കിയ കൊലപാതകമായിരുന്നു നയ്റ അഷ്‌റഫിന്റേത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരമായാണ് സർവകലാശാല വിദ്യാർത്ഥിനിയായ നയ്റയെ സഹപാഠി മുഹമ്മദ് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ വിചാരണയ്ക്കൊടുവിൽ മുഹമ്മദ് ആദൽ കുറ്റം കോടതിയിൽ സമ്മതിച്ചു. നിരപരാധികളായ പെൺകുട്ടികളെ ഉപദ്രവിക്കുന്നവർക്ക് താക്കീത് നൽകാനാണ് വധശിക്ഷ ടിവിയിൽ തത്സമയം പ്രദർശിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. ഈ രീതിയിൽ ചിന്തിക്കുന്നവർക്ക് അപകടകരമായ സൂചനയാണ് ഈ ശിക്ഷാ രീതിയെന്നും കോടതി പറഞ്ഞു.    

മൻസൂറ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു നൈറ. അവസാന വർഷ പരീക്ഷ നടന്ന ജൂൺ 20നാണ് കൊലപാതകം നടന്നത്. പ്രതിയായ മുഹമ്മദ് ആദൽ സർവകലാശാലയിൽ നയ്റയുടെ സീനിയറായിരുന്നു. യൂണിവേഴ്സിറ്റി ഗേറ്റിന് മുന്നിൽ പട്ടാപ്പകൽ നയ്റയെ മുഹമ്മദ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദിനെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് കാരണം. വീട്ടിലേക്ക് പോകാൻ യൂണിവേഴ്സിറ്റിക്ക് മുന്നിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു നയ്റ. മുഹമ്മദ് അവളുടെ അടുത്തെത്തി അവളെ അടിച്ചുവീഴ്ത്തി.തുടർന്ന് റോഡിലൂടെ വലിച്ചിഴച്ച് നയ്റയെ പത്തൊൻപത് തവണ കുത്തി. ഒടുവിൽ ജനങ്ങൾ മുൻപിൽ വച്ച് അവളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു

മരിക്കുമ്പോൾ നയ്റയ്ക്ക് 21 വയസ്സായിരുന്നു. മുഹമ്മദിന്‍റെ നിർദ്ദേശപ്രകാരം ഒരു സുഹൃത്താണ് നയ്റയുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഉള്ളടക്കം പിന്നീട് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്തു. നയ്റയുടെ കൊലപാതകം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

By newsten