ബെയ്ജിങ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഐക്യനാടുകളിൽ, പ്രസിഡന്‍റിനോ വൈസ് പ്രസിഡന്‍റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധി സഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്‍റാകേണ്ട വ്യക്തിയാണ്. അതിനാൽ, ഉയർന്ന പദവി വഹിക്കുന്ന ഒരു വ്യക്തിയുടെ വരവ് ചൈന-യുഎസ് ബന്ധത്തെ ഉലയ്ക്കും.
പെലോസി ഈ സന്ദർശനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ, 1997ന് ശേഷം ദ്വീപ് രാഷ്ട്രത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ യുഎസ് ഉന്നത വ്യക്തിയായി അവർ മാറും. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സർക്കാരിന്റെ നിലപാട്. ബലംപ്രയോഗിച്ചാണെങ്കിലും തായ്‌വാനെ തങ്ങളുടെ ഭാഗമാക്കിയേക്കുമോയെന്ന ചോദ്യങ്ങളെ തള്ളാതെയാണ് പലപ്പോഴും ചൈനയുടെ പ്രതികരണങ്ങൾപോലും.
അതേസമയം, പെലോസിയുടെ യാത്ര ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് നല്ല ആശയമല്ലെന്ന് സൈന്യം കരുതുന്നുവെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ നിലപാട് ‘ആവശ്യമില്ലാത്തതും സഹായിക്കാത്തതും’ ആണെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.