ബ്രിട്ടൻ: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള ടെലിവിഷൻ ചർച്ച ഉപേക്ഷിച്ചു. അവതാരക കുഴഞ്ഞുവീണതിനെ തുടർന്നാണ് തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺസണ് പകരക്കാരനായി മത്സരിക്കുന്ന ഋഷി സുനക്കും ലിസ് ട്രസ്സും ‘ടോക്ക് ടിവി’ ചാനലിൽ ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരക ബോധംകെട്ടുവീണത്.
നികുതി, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, നാഷണൽ ഹെൽത്ത് സർവീസിന്റെ ധനസഹായം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ അരമണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സംഭവം. അവതാരക കേറ്റ് മക്കാന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ചർച്ച ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ടോക്ക് ടിവി പ്രസ്താവനയിൽ അറിയിച്ചു.