Spread the love

ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും അമ്മയുടെ ശകാരവുമാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവിൽ സർവീസ് പരീക്ഷാ പരിശീലനവും നൽകി. ഇതെല്ലാം വിദ്യാർത്ഥിനിയെ സമ്മർദ്ദത്തിലാക്കിയെന്നും കഴിഞ്ഞ ദിവസം അമ്മ ശകാരിച്ചത് വിദ്യാർത്ഥിനിയെ കൂടുതൽ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കടലൂര്‍ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് എയ്ഡഡ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു.

By newsten