Spread the love

കോഴിക്കോട്: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐജിയുടെ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്നും ദലിത് സംഘടനകൾ അറിയിച്ചു. ഐജിയുടെ ഓഫീസിന് മുന്നിൽ കുടിൽ നിർമ്മിച്ച് സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ 100 പേർ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

By newsten