ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത് സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് എംപി ടി.എൻ പ്രതാപൻ.ജി.എസ്.ടിക്കെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്. എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവച്ച് കൊടുക്കില്ല. സസ്പെൻഷനെതിരായ തുടർനടപടികൾ വൈകിട്ട് ഏഴിന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ച ചെയ്യും. അഭിപ്രായങ്ങളും പ്രതിഷേധങ്ങളും തുടരും. സർക്കാരിന്റെ മുഖ്യശത്രു കോൺഗ്രസാണ്. തന്നെ സസ്പെൻഡ് ചെയ്താൽ പ്രതിഷേധം അവസാനിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ ഉടൻ തന്നെ വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷയം ചർച്ചയ്ക്ക് എടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പറഞ്ഞു.