ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരിച്ച് കെ സി വേണുഗോപാൽ. ആലപ്പുഴയുടെ ഭരണം ശ്രീറാമിനെ ഏൽപ്പിച്ചത് ശരിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ശൈലിയിലാണ് മാറ്റം സംഭവിച്ചതെന്ന് വേണുഗോപാൽ ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂറും പ്രതികരിച്ചിരുന്നു. ആലപ്പുഴയിൽ കളങ്കിതനായ ഒരാളെ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് എ എ ഷുക്കൂർ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞതാണ്. നിയമനം പിൻവലിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഷുക്കൂർ പറഞ്ഞു.
“കൊലപാതക കേസിലെ പ്രതിയെന്നതാണ് പൊതുജനങ്ങളുടെ മനസില്‍ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം”. ഒരു മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. എന്ത് തോന്നിവാസവും സര്‍ക്കാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം,അദ്ദേഹം പറഞ്ഞു.