Spread the love

വടക്കാഞ്ചേരി: ഇന്ധനം നിറയ്ക്കാൻ ഇനി പമ്പിൽ പോകേണ്ടതില്ല. മൊബൈലിൽ വിളിച്ചാൽ, പമ്പ് അടുത്തെത്തും. വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുമെന്ന് കരുതരുത്. ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ക്രഷറുകൾ, ക്വാറികൾ, ജനറേറ്ററുകൾ എന്നിവയ്ക്കാണ് മൊബൈൽ പമ്പുകൾ വഴി ഡീസൽ നിറയ്ക്കാൻ കഴിയുക.

ആവശ്യക്കാർ പറഞ്ഞ സ്ഥലത്തേക്ക് ഇന്ധനം എത്തിക്കുന്ന സ്പിന്നർ എനർജിയുടെ മൊബൈൽ പമ്പ് യൂണിറ്റ് വടക്കാഞ്ചേരി സബ് ആർ.ടി.ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായ സ്പിന്നർ ഗ്രൂപ്പ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ വാഹനം പുറത്തിറക്കിയത്. 6000 ലിറ്റർ സംഭരണ ശേഷിയുള്ള ഇരട്ട ടാങ്കാണ് ഇതിനുള്ളത്.

ഭാരത് പെട്രോളിയത്തിന്‍റെ ഡീസലാണ് വാഹനം വഴി വിതരണം ചെയ്യുക. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അത്താണിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരപരിധിയിൽ സർവീസ് സൗജന്യമായിരിക്കും. 5 കിലോമീറ്റർ ദൂരത്തിന് 150 രൂപയാണ് സർവീസ് ചാർജ് ഈടാക്കുക. അതിനുശേഷം, ഓരോ കിലോമീറ്ററിനും 30 രൂപ നൽകണം. അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച വാഹനത്തിന് 32 ലക്ഷം രൂപ ചെലവായതായി ദി സ്പിന്നർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി ജെ ജോർജുകുട്ടി പറഞ്ഞു. ഇന്ധനം വാങ്ങുമ്പോൾ ബിൽ ലഭിക്കും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വാഹനം സർവീസ് ആരംഭിച്ചു.

By newsten